NADAMMELPOYIL NEWS
JULY 23/2022

മൈസൂർ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ (Shaba Sherif murder case) ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം സ്വദേശിയായ കാപ്പുമുഖത്ത് അബ്ദുൾ വാഹിദിനെയാണ് (26) നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മുഖ്യ പ്രതി ഷൈബിൻ അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ പോയ റിട്ടയേഡ് എസ്.ഐ. സുന്ദരൻ സുകുമാരൻ ഉൾപ്പെടെ ആറ് പ്രതികളിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാഹിദിൻ്റെ പങ്ക് വെളിവായത്. ഓട്ടോറിക്ഷ ഡ്രൈവറായ വാഹിദ് എറണാകുളത്ത് വച്ച് പിടിയിലായ അജ്മലിൻ്റെ അടുത്ത സുഹൃത്താണ്. അജ്മൽ വഴിയാണ് വാഹിദ് ഷൈബിനെ പരിചയപ്പെട്ടത്. കൃത്യത്തിൽ പങ്ക് ചേർന്നാൽ പണവും, ഗൾഫിലെ കമ്പനിയിൽ മികച്ച ജോലിയും ഷൈബിൻ വാഗ്ദാനം ചെയ്തിരുന്നതായി പ്രതി പറഞ്ഞു.

2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസുരുവിൽ നിന്നും തട്ടിക്കൊണ്ട് വന്ന് ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലുള്ള വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരുന്നത്. തട്ടിക്കൊണ്ട് വരാൻ ഉപയോഗിച്ച മാരുതി ഈക്കോ വാനും പ്രതിയായ അജ്മലിന്റെ പേരിലാണ് ഷൈബിന്റെ നിർദേശ പ്രകാരം നിലമ്പൂരിൽ രജിസ്റ്റർ ചെയ്തിരുന്നതെന്നും കണ്ടെത്തി. ഈ വാഹനം പിന്നീട് വിറ്റൊഴിവാക്കി. കൃത്യത്തിന് ശേഷം ഷൈബിന്റെ ബന്ധുവായ, ഇപ്പോഴും ഒളിവിൽ കഴിയുന്ന, കൈപ്പഞ്ചേരി ഫാസിൽ മുഖേന വൻ തുക പാരിതോഷികം ലഭിച്ചതായും വാഹിദ് സമ്മതിച്ചു.

ഇതോടെ കേസിൽ എട്ട് പേർ അറസ്റ്റിലായി. ഇവർക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രതികളായ ഷൈബിൻ്റെ ബന്ധു കൈപ്പഞ്ചേരി ഫാസിൽ, പൊരി ഷമീം എന്നിവരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേസിൽ പിടിയിലായവർ ഷൈബിൻ അഷറഫിന്റെ നിർദ്ദേശപ്രകാരം ഗൾഫിൽ രണ്ട് കൊലപാതകങ്ങൾ നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മലയമ്മ സ്വദേശി ഹാരിസിന്റേയും മാനേജരായ യുവതിയുടെയും മരണത്തിൽ ഇവർക്ക് പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സാജു കെ. അബ്രഹാം, എസ്.ഐമാരായ നവീൻഷാജ്, എം. അസ്സൈനാർ, എ.എസ്.ഐമാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സതീഷ് കുമാർ, അൻവർ സാദത്ത്, പ്രദീപ് വി.കെ., ജാഫർ എ., സുനിൽ എൻ.പി., അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *