NADAMMELPOYIL NEWS
JULY 23/2022
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ (Custody Death) എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ സഹിതം ഉടൻ സർക്കാരന് റിപ്പോർട്ട് സമർപ്പിക്കും. കസ്റ്റഡി മരണമെന്ന ആരോപണത്തിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനാലാണ് എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതെന്നും റിപ്പോർട്ടി.
മരണകാരണം ഹൃദയാഘാതമെന്ന പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുൾപ്പെടെ എടുത്ത ശേഷം മാത്രമേ, സംസ്ഥാന പൊലീസ് മേധാവിക്ക് ഐ ജി റിപ്പോർട്ട് സമർപ്പിക്കൂ. അന്വേഷണം തുടങ്ങിയ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പൊലീസ് സർജനിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി.
സംഭവം നടന്ന വടകര പൊലീസ് സ്റ്റേഷൻ പരിസരത്ത് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമുണ്ട്. സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്ന അനസ്, ബന്ധു അർജ്ജുൻ എന്നിവരുടെ വിശദമായ മൊഴി ഇന്നുതന്നെ ഉത്തരമേഖല ഐജിയുടെ സാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തും.