NADAMMELPOYIL NEWS
JULY 22/2022
തിരുവനന്തപുരം ; ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്‌ക്ക് വധഭീഷണി. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാൻ ആണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും എന്നാണ് കത്തിൽ പറയുന്നത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ എംഎൽഎ ഡിജിപിക്ക് പരാതി നൽകി.
പിണറായി വിജയനെ കുറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും എന്നും ഭരണം പോയാലും അത് ചെയ്യുമെന്നും ഭീഷണിയുണ്ട്. ” നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തേയും കുറ്റപ്പെടുത്തിക്കൊണ്ട് കോൺഗ്രസുകാരുടെ കയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും” എന്ന് കത്തിൽ പറയുന്നു.
കത്തിന്റെ പൂർണരൂപം-
എടീ രമേ, മണിച്ചേട്ടൻ നിന്നോട് മാപ്പ് പറയണം അല്ലേ? നിനക്ക് നാണമുണ്ടോ അത് പറയാൻ? സിപിഎം എന്ന പ്രസ്ഥാനത്തെക്കുറിച്ച് നീ എന്താണ് ധരിച്ച് വെച്ചിരിക്കുന്നത്? ഒഞ്ചിയം സമര നായകന്മാരെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ? നിന്റെ തന്തയോട് ചോദിച്ചാൽ ചിലപ്പോൾ അറിയുമായിരിക്കും.
ഒഞ്ചിയം രക്തസാക്ഷികളെ അല്പമെങ്കിലും ഓർത്തിരുന്നെങ്കിൽ ഉളുപ്പില്ലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി നീ എംഎൽഎ ആകുമോ? നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
പിന്നെ നിന്റെ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ ഗൂഢ ശക്തികളാണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തേയും കുറ്റപ്പെടുത്തിക്കൊണ്ട് കോൺഗ്രസുകാരുടെ കയ്യടി വാങ്ങാനാണ് ഭാവമെങ്കില് സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും.
പിന്നെ വിഡി സതീശനും കെ മുരളീധരനും കെസി വേണുഗോപാലുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ ? നിങ്ങൾക്ക് വെച്ചിട്ടുണ്ട്. നമുക്ക് അവിടെ വെച്ച് കാണാം.. ഇൻക്വിലാബ് സിന്ദാബാദ്
– പയ്യന്നൂർ സഖാക്കൾ