NADAMMELPOYIL NEWS
JULY 19/2022
തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്. സ്ത്രീത്വത്തെ അപമാനിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മിഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.
കൊല്ലം ആയൂരിലെ കോളേജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍
പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു. അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഇതുകാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞത്.
സ്‌കൂള്‍ ജീവനക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് ഡി.വൈ.എസ്പി അറിയിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി സംഭവത്തെ അപലപിച്ചിരുന്നു. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ് ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കിയിരുന്നു.