NADAMMELPOYIL NEWS
JULY 17/2022
കോഴിക്കോട്: തൊട്ടിൽപാലം പശുക്കടവിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പശുക്കടവ് പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിലാണ് സംഘം എത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും സംഘത്തിൽ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സായുധസംഘം വീട്ടിൽ എത്തിയത്. വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനീദളത്തിലെ അംഗങ്ങളാണ് ഇവർ. പോലീസും കോടതിയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഉണ്ണിമായ, ലത, സുന്ദരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കൂടെയുള്ള പുരുഷൻ ആരെന്ന് അറിവായിട്ടില്ല.
സംഘം 10 മിനിറ്റിലേറെ വീട്ടിൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപ് പശുക്കടവ് ടൗണിൽ മാവോയിസ്റ്റുകളുടെ പേരിൽ ഒരു പോസ്റ്റർ പതിപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.