NADAMMELPOYIL NEWS
JULY 02/2022
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസുമായി (സി.ഐ.സി) ബന്ധം വിച്ഛേദിച്ച് സമസ്ത. സി.ഐ.സി നടത്തുന്ന വാഫി, വഫിയ്യ കോഴ്സുകൾക്ക് ഇനി സമസ്തയുടെ സഹകരണമുണ്ടാകില്ല. സി.ഐ.സി ജന. സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുമായുള്ള അഭിപ്രായഭിന്നതയാണ് തീരുമാനത്തിന് പിന്നിൽ. വിഷയത്തിൽ ആദൃശ്ശേരിയെ പിന്തുണക്കുന്നവരും സമസ്തയെ പിന്തുണക്കുന്നവരും തമ്മിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടുകയാണ്. മത, ഭൗതിക വിദ്യാഭ്യാസ രീതി സമന്വയിപ്പിച്ചാണ് വാഫി കോഴ്സ് നടത്തുന്നത്. പെൺകുട്ടികൾക്ക് മാത്രമായുള്ള പഞ്ചവത്സര കോഴ്സാണ് വഫിയ്യ. വർഷങ്ങളായി വിജയകരമായി നടക്കുന്നതാണ് സി.ഐ.സിക്കു കീഴിലെ സ്ഥാപനങ്ങൾ.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സി.ഐ.സിയുടെ ഉപദേശക സ്ഥാനത്തുനിന്ന് മാറ്റി ഭരണഘടന പരിഷ്കരിച്ചതോടെയാണ് ഇരുവിഭാഗവും തമ്മിലെ അഭിപ്രായ ഭിന്നത മറനീക്കിയത്. സി.ഐ.സി ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന ഒരു മുശാവറ അംഗത്തെ ഉപദേശകനാക്കാമെന്ന രീതിയിലാണ് മാറ്റം വരുത്തിയത്. സി.ഐ.സിയെ സ്വതന്ത്ര കമ്മിറ്റിയായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഹക്കീം ഫൈസി ആദൃശ്ശേരിയുടെ ശ്രമമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സമസ്തയുടെ വാദം. ഇതിന് വഴങ്ങേണ്ടതില്ലെന്നും സമസ്തക്ക് സ്വാധീനമില്ലെങ്കിൽ സഹകരിക്കാനാകില്ലെന്നുമുള്ള നിലപാടാണ് മുശാവറ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് കീഴിലെ സ്ഥാപനങ്ങളോട് സി.ഐ.സിയുമായി സഹകരിക്കരുതെന്ന് നിർദേശിച്ചത്.
പഞ്ചവത്സര കോഴ്സ് പൂർത്തിയാകും മുമ്പ് പെൺകുട്ടികൾ വിവാഹിതരാകാൻ പാടില്ലെന്ന സി.ഐ.സിയുടെ നിബന്ധനയാണ് ബന്ധം വിച്ഛേദിക്കാൻ പറയുന്ന പല കാരണങ്ങളിലൊന്ന്. കോഴ്സ് പൂർത്തിയാകും മുമ്പ് വിവാഹിതരായ വിദ്യാർഥിനികളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയെന്ന പരാതി ലഭിച്ചപ്പോൾ സമസ്ത ഇടപെട്ടിരുന്നു. എന്നാൽ, ഹക്കീം ഫൈസി ആദൃശ്ശേരി വഴങ്ങിയില്ലെന്ന് സമസ്ത ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാർ ഇതുസംബന്ധിച്ച വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സമസ്തയുടെ അമിതമായ ഇടപെടൽ ഉണ്ടായതോടെയാണ് ഉപദേശക സ്ഥാനത്തുനിന്ന് സമസ്ത അധ്യക്ഷനെ മാറ്റുന്നതിനായി സി.ഐ.സി ഭരണഘടന പരിഷ്കരിച്ചതെന്നറിയുന്നു.