NADAMMELPOYIL NEWS
JUNE 07/2022
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ വ്യാപകമായിരിക്കുന്ന സംസ്ഥാനത്ത് വിൽക്കാനെത്തിച്ച 9600 കിലോ കേടായ മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി നശിപ്പിച്ചു. തിരുവനന്തപുരം, അഞ്ചുതെങ്ങിൽ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇന്നലെ രാവിലെ ഏഴിന് പരിശോധന നടത്തിയത്.
സ്വകാര്യ ലോറി ഉടമകൾ ചേർന്ന് നടത്തുന്ന അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ എം.ജെ ഫിഷ് ലാൻഡ് എന്ന സ്ഥാപനത്തിലായിരുന്നു പഴകിയ മത്സ്യം വിറ്റിരുന്നത്. മംഗലാപുരം, ഗോവ എന്നിവിടങ്ങളിൽ നിന്ന് 11 വാഹനങ്ങളിലെത്തിയ ചൂര, കൊഴിയാള, വാള, നെത്തോലി, ചാള എന്നീ മീനുകൾ ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മൊബൈൽ ലബോറട്ടറിയിലെ പരിശോധനയിൽ കണ്ടെത്തിയത്.
ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ ചേർത്ത് ഐസിലിട്ടാണ് മീൻപെട്ടിയിലാക്കി എത്തിച്ചത്. പിടികൂടിയ മത്സ്യം സ്ഥാപനത്തിന്റെ വളപ്പിൽ ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴികളെടുത്ത് മൂടുകയായിരുന്നു. പരിശോധനയെ തുടർന്ന് മത്സ്യമെത്തിച്ച ഏജന്റുമാർക്ക് നോട്ടീസ് നൽകി. തുടർനടപടികൾക്കായി 30 സാമ്പിളുകളും ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.