NADAMMELPOYIL NEWS
JUNE 06/2022

മുക്കം: നാടകനടൻ, ഗാനരചയിതാവ്, രാഷ്ട്രീയക്കാരൻ, സീരിയൽ നടൻ തുടങ്ങി വിവിധ വേഷങ്ങളിൽ ശ്രദ്ധേയനാണ് അബ്ദുൽ ജബ്ബാർ ചേന്ദമംഗലൂർ. ഈ മുൻ പ്രവാസി 60ലധികം ടെലിഫിലിമുകളിലും നാടകങ്ങളിലും ഇതിനകം വേഷമിട്ട് ജനപ്രിയനായി മാറ.കോഴിക്കോട് മുക്കം ചേന്ദമംഗലൂർ സ്വദേശിയായ അബ്ദുൽ ജബ്ബാർ കുടുംബസദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. ഒരു പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത് അടങ്ങാത്ത അഭിനയമോഹംകൊണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.
ഹ്രസ്വസന്ദർശനാർഥം വീണ്ടും സൗദിയിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. മുസ്ലിം നവോത്ഥാന ചരിത്രത്തിൽ വിപ്ലവങ്ങൾ തീർത്ത’മുക്കം’ എന്ന ദേശത്തെ ജനനമാണ് തനിക്ക് ഈ അവസരങ്ങൾ നേടിത്തന്നത്. കലയോട് മുഖം തിരിഞ്ഞുനിന്ന മുസ്‍ലിം യാഥാസ്ഥിതികത്വത്തിന് പുറത്തായിരുന്നു മുക്കത്തെ അന്തരീക്ഷം. പണ്ടുമുതലേ യാഥാസ്ഥിതികബോധത്തെ വെല്ലുവിളിച്ച ജനതയായിരുന്നു ഇവിടുള്ളത്. അതുകൊണ്ട് സ്കൂൾ, മദ്റസ കാലഘട്ടങ്ങളിൽതന്നെ നാടകങ്ങളിൽ അഭിനയിക്കാൻ സാധിച്ചു.
അഭിനയത്തിൽ ഭാവിയുണ്ടെന്ന് തോന്നിയതോടെ നാട്ടിൻപുറത്തെ അമച്വർ നാടകസംഘങ്ങളിൽ അംഗമായി. രാഷ്ട്രീയ നാടകങ്ങൾ തെരുവുവാഴുന്ന കാലത്ത് അതിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി. കല്ലുവാതുക്കൽ മദ്യദുരന്തത്തെ തുടർന്ന് ‘മണിച്ചനും താത്തയും പിന്നെ ഞാനും’ എന്ന നാടകം കേരളത്തിൽ ആകമാനം അവതരിപ്പിക്കപ്പെട്ടപ്പോൾ മുഖ്യവേഷം അഭിനയിച്ച അബ്ദുൽ ജബ്ബാറും ശ്രദ്ധിക്കപ്പെട്ടു.

സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ‘ഊമക്കുയിൽ പാടുമ്പോൾ’ എന്ന നാടകത്തിലും തുടർന്ന് ടെലിഫിലിമിലും പ്രായമായ കാരണവരെ അവതരിപ്പിച്ച് കൈയടിനേടി. സിദ്ദീഖ്
കൊടിയത്തൂരിന്റെ കുടുംബ സിനിമകളിൽ മിക്കതിലും ജബ്ബാറിന്റെ സാന്നിധ്യമുണ്ട് സാന്നിധ്യമുണ്ട്. ‘കുടുംബകലഹം നൂറാം ദിവസ’ത്തിലെ വില്ലനെയും ‘ആണായിട്ടൊരയൽവാസി’യിലെ എസ്.ഐയെയും അധികമാരും മറന്നിട്ടുണ്ടാവില്ല.
കെ.ടി. മൻസൂറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഗിഫ്റ്റ് ഓഫ് ഉമ്മിച്ചി’ എന്നടെലിഫിലിമിൽ നായികയായ നിലമ്പൂർ ആയിഷയുടെ വാപ്പയായി അബ്ദുൽ ജബ്ബാറിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. കെ.ടി. മൻസൂറിന്റെ ‘സായാഹ്നം’ ടെലിഫിലിമിൽ ഒറ്റക്കാലനായും മറ്റൊന്നിൽ ഭ്രാന്തൻ ഡോക്ടറായും വ്യത്യസ്ത വേഷങ്ങളാണ് അബ്ദുൽ ജബ്ബാർ പകർന്നാടിയത്. കലാപ്രവർത്തനങ്ങളുമായി നാടുചുറ്റുന്ന കാലത്താണ് വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളജിൽ അധ്യാപകനായത്.
1987ൽ പ്രവാസിയായി സൗദിയിൽ എത്തി. ഹാഇലിലെ ഒരു സ്വദേശി വീട്ടിലായിരുന്നു ജോലി. 10 വർഷം ജോലി ചെയ്തു. അറബ് ഭക്ഷണങ്ങളെല്ലാം തനിമ ചോരാതെ പാചകംചെയ്യാനുള്ള നൈപുണ്യവുമായാണ് അവിടം വിട്ടത്. നാട്ടിൽ തിരിച്ചെത്തി ദയാപുരം റെസിഡൻഷ്യൽ സ്കൂളിൽ പാചകക്കാരനായി. വിദേശത്തു നിന്നെത്തുന്ന അതിഥികൾക്ക് ഭക്ഷണം പ്രിയമായപ്പോൾ സ്കൂൾ അധികൃതർ കൂടുതൽ ചേർത്തുപിടിച്ചു.
ഇതിനിടയിൽ രാഷ്ട്രീയരംഗത്തെ സജീവതക്ക് അംഗീകാരമായി മുക്കം സഹകരണ പ്രസിഡൻറായി. അബ്ദുൽ ജബ്ബാറിന്റെ കുടുംബം ആകമാനം കലാരംഗത്ത് ശ്രദ്ധേയരാണ്.അനുജൻ റഊഫ് ചേന്ദമംഗലൂർ അറിയപ്പെടുന്ന ഗായകനും നടനുമാണ്. വഹീദയാണ് അബ്ദുൽജബ്ബാറിന്റെ ഭാര്യ. ജവാദ് ഇർഷാദ്, ലുലു എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *