NADAMMELPOYIL NEWS
JUNE 06/2022
മുക്കം: മുൻ വർഷങ്ങളിലെല്ലാം നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും സോയിൽ പൈപ്പിംഗ് പ്രതിഭാസവുമെല്ലാം റിപ്പോർട്ട് ചെയ്ത മലയോര മേഖലയിൽ ഭീതി ഉയർത്തി വീണ്ടും നിരവധി സ്ഥലങ്ങളിൽ മണ്ണെടുപ്പും അനധികൃത ഖനനങ്ങളും തുടരുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് ഓടത്തെരുവിൽ ഒരു മലയൊന്നാകെ ഇടിച്ച് നിരത്തുകയാണ്.കാരശ്ശേരി ഗ്രാമപഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലാണ് വൻതോതിൽ മണ്ണെടുത്ത് മാറ്റുന്നത്. 6418 ക്യൂബിക് മീറ്റർ മണ്ണെടുക്കുന്നതിനാണ് പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിലൊരു അനുമതി നൽകിയത് വലിയ ദുരന്തത്തിന് കാരണമാവുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഈ സ്ഥലത്തിനോട് തൊട്ടടുത്ത് തന്നെ രണ്ടു സ്ഥലങ്ങളിലും വൻതോതിൽ മണ്ണെടുക്കുകയാണ്. ഇതിൽ ഒരു സ്ഥലത്ത് കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് ഒരു വലിയ അപകടം ഒഴിവായത്.
ഓടത്തെരുവിൽ മണ്ണെടുക്കുന്നതിന് നൽകിയ അനുമതിയിൽ പറയുന്ന പല കാര്യങ്ങളും പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
റോഡ് നശിക്കുന്ന തരത്തിൽ മണ്ണെടുക്കാൻ പാടില്ലെന്നാണ് ഒരു നിബന്ധന. എന്നാൽ മഴ പെയ്താൽ ചെളി മുഴുവൻ റോഡിലേക്ക് ഒലിച്ചിറങ്ങി യാത്ര തീർത്തും ദുസ്സഹമാണ്. വെയിലുറച്ചാൽ പിന്നെ പൊടിയിൽ കുളിച്ചാവും യാത്ര. ഇരുചക്ര വാഹനത്തിലുൾപ്പെടെ ഇതുവഴി ജോലിക്ക് പോവുന്നവർ ജോലി സ്ഥലത്തെത്തിയാൽ പിന്നെയും കുളിക്കേണ്ട അവസ്ഥയാണ്. മണ്ണ് ലോഡ് ചെയ്യുന്ന സമയത്ത് മൂന്നു വാഹനങ്ങളിൽ കൂടുതൽ സ്ഥലത്ത് പാടില്ലെന്നുള്ള നിബന്ധനയും പാലിക്കുന്നില്ല. മേയ് 27 മുതൽ ജൂൺ 20 വരെയാണ് മണ്ണെടുക്കാൻ അനുമതി നൽകിയത്. ഈ 25 ദിവസം കൊണ്ട് ഒരു മലയുടെ അടിഭാഗം മൊത്തമായി തുരന്നെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതോടൊപ്പം തന്നെ കുമാരനെല്ലൂർ, കക്കാട്, കൊടിയത്തൂർ വില്ലേജുകളിലെ മലമ്പ്രദേശങ്ങളിലും അനിയന്ത്രിത ഖനനങ്ങളും ഇടിച്ചുനിരത്തലും മൂലം പ്രകൃതിദുരന്ത ഭീഷണിയിലാണ്.മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, സോയിൽ പൈപ്പിംഗ് ഉൾപ്പെടെ ഭൗമപ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൈസൂർമല, പൈക്കാടൻ മല, ഊരാളികുന്ന്, തോട്ടക്കാട്, കൊളക്കാടൻ മല, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, തോട്ടുമുക്കം പ്രദേശങ്ങളിലാണ് ഭൂനിയമങ്ങൾ കാറ്റിൽപറത്തി ഖനനങ്ങൾ നടക്കുന്നത്.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പഠനം നടത്തി ദുരന്തസാധ്യത പ്രദേശങ്ങളായി കണ്ടെത്തി ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്ക്ക്റിപ്പോർട്ട് നൽകിയ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും.