NADAMMELPOYIL NEWS
JUNE 01/2022
കൊടുവള്ളി: ഗതാഗത കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന കൊടുവള്ളി ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നു. നിത്യവും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചെയർമാൻ വെള്ളറ അബ്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ട്രാഫിക് പരിഷ്കരണങ്ങൾക്കുള്ള നിർദേശങ്ങൾ സമർപ്പിച്ചത്.
കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗവും പ്രസ്തുത നിർദേശങ്ങൾ അംഗീകരിക്കുകയും ജൂൺ അഞ്ചുമുതൽ പരിഷ്കരണം നടപ്പാക്കാൻ തീരുമാനിക്കുകയുമായിരുന്നു. താമരശ്ശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് സഹകരണ ബാങ്കിന്റെ മുന്നിലേക്ക് മാറ്റും. യതീംഖാന മുതൽ എം.പി.സി ജങ്ഷൻ വരെയും ബസ് സ്റ്റാൻഡിലും പരിസരത്തും അനധികൃത പാർക്കിങ് നിരോധിക്കും.
സിറാജ് ബൈപാസ് റോഡിൽ കാട്ടിൽപള്ളി ജങ്ഷനിലെ പാർക്കിങ്ങുകൾ നിരോധിക്കും. നരിക്കുനി റോഡിൽ പാർക്കിങ്ങിന് സൗകര്യപ്പെടുത്തും. അനധികൃത വഴിയോര ക ച്ചവടക്കാരെ നിയന്ത്രിക്കുകയും, ഓപൺ സ്റ്റേജ് പൊളിച്ചുമാറ്റുക യും ചെയ്യും.
പേ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിന് നഗരസഭ അപേക്ഷ ക്ഷണിക്കും. അൻസാരി പള്ളിക്ക് മുൻവശം ബസ് ബേ നിർമിക്കും. ആർ.ഇ.സി ജങ്‌ഷനിൽ വൈകുന്നേരം നാലു മുതൽ ഏഴു വരെ പരീക്ഷണാടിസ്ഥാനത്തിൽ വൺവേ ഏർപ്പെടുത്തും. താമരശ്ശേരി ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ സിറാജ് റോഡ് വഴി കടന്നുപോകാൻ നിർദേശം നൽകും.
നരിക്കുനി റോഡിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കും. സിറാജ് ബൈപാസ് റോഡിൽ പാർക്കിങ് ഒരു സൈഡിൽ മാത്രമായി ക്രമീകരിക്കും. കൊടുവള്ളിയിൽ ട്രാഫിക് യൂനിറ്റ് സ്ഥാപിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും.
മേൽ നിർദേശങ്ങൾ നടപ്പാക്കാൻ വ്യാപാരികൾ, വാഹന ഉടമകൾ, ഓട്ടോ ഗുഡ്സ് ഉടമകൾ, യാത്രക്കാർ, പൊതുജനങ്ങൾ എന്നിവരുടെ സഹായസഹകരണം നഗരസഭ ചെയർമാൻ അഭ്യർഥിച്ചു.