NADAMMELPOYIL NEWS
MAY 23/22

തിരുവനന്തപുരം: കൊല്ലം വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍.കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.കേസില്‍ നാളെ വിധി പറയും.

സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം( 304 ബി), സ്ത്രീധന പീഡനം(498 എ), ആത്മഹത്യാ പ്രേരണ( 306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറഞ്ഞത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.
കിരണ്‍ കുമാറിന്റെ പിതാവ് സദാശിവന്‍പിള്ള, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍, കിരണിന്റെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും കോടതിയില്‍ സമര്‍ഥിക്കാന്‍ പ്രതിഭാഗം ശ്രമിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദസംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *