NADAMMELPOYIL NEWS
MAY 01/22
കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ലോഗർ റിഫ മെഹ്നാസിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി കിട്ടാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാത്രമാണ്.
ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഭർത്താവ് മെഹ്നാസിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാളുടെ ഫോണടക്കം സ്വിച്ച്ഡ് ഓഫ് ആണ്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു.
ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്കരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടില്‍നിന്നു ദുബായിലേക്കു പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി.