NADAMMELPOYIL NEWS
APRIL 05/22
മാനിപുരം;കൊടുവള്ളി മാനിപുരം എയുപി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. മാനിപുരം എ യു പി സ്കൂളിലെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി. പന്ത്രണ്ടോളം ക്ലാസ് മുറികളും സ്റ്റാഫ് റൂമും ചവിട്ടി തുറന്നാണ് അകത്ത് കയറി സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടിയത്. പാഠപുസ്തകങ്ങളും പഠനോപകരങ്ങളും മറ്റു വിലപ്പെട്ട വസ്തുക്കളും വലിച്ചെറിഞ്ഞ് നാശനഷ്ടം വരുത്തി വെച്ചു.
ചുമരിലും ബോർഡിലും അശ്ലീല സന്ദേശങ്ങളും എഴുതി വെച്ച സംഘം സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂന്തോട്ടത്തിലെ ചെടികളും അടിച്ച് നശിപ്പിച്ചു. പി ടി എ കമ്മിറ്റി യോഗം ചേർന്ന് സംഭവത്തിൽ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
മാനിപുരം എ യു പി സ്കൂളിൽ അതിക്രമിച്ച് കയറി സ്കൂളിലെ ചെടിച്ചട്ടികൾ തകർക്കുകയും,ക്ലാസ് മുറികളും സ്റ്റാഫ് റൂമും കുത്തി തുറന്ന് സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത നടപടിയിൽ പിടിഎ കമ്മിറ്റിയും, സ്റ്റാഫ് കൗൺസിലും പ്രതിഷേധിച്ചു. ഹെഡ് മാസ്റ്റർ എൻ ബി കൃഷ്ണൻ നമ്പൂതിരിപ്പാട്, പിടിഎ പ്രസിഡണ്ട് കെ പി വിനീത് കുമാർ, പി അനീസ്, ടി.കെ. ബൈജു, വി ജിജീഷ് കുമാർ ,കെ നവനീത് മോഹൻ, പി. സിജു, ഇ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതൽ കൊടുവള്ളി പൊലീസിൽ പരാതി നൽകി.