NADAMMELPOYIL NEWS
APRIL 05/22

കോഴിക്കോട്: കുട്ടികളുടെ വാക്‌സിനേഷന്‍ പാളി എന്ന തരത്തിലുള്ള വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കൊവിന്‍ പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ഈ പോര്‍ട്ടല്‍ പരിശോധിച്ചാല്‍ ഇത് എല്ലാവര്‍ക്കും ബോധ്യമാകും. കൂടാതെ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ വാക്‌സിനേഷന്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 57,025 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാനായി. അതിനാല്‍ വാക്‌സിനേഷനെതിരെയുള്ള ഇത്തരം തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,37,665), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,33,58,584) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം (7,26,199) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹരായ 41 ശതമാനം പേര്‍ക്ക് (11,99,404) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *