NADAMMELPOYIL NEWS
APRIL 03/22
താമരശ്ശേരി;.പുതുപ്പാടി മട്ടിക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. ബി ജെ പി, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്.
ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. താമരശ്ശേരി പോലീസും പ്രത്യേക പൊലീസ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വനത്തിനുള്ളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകൾ കടയിലും മറ്റും പതിച്ച പോസ്റ്ററുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. അങ്ങാടിയില്‍ ഒരിക്കല്‍ കവലപ്രസംഗം നടത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.