NADAMMELPOYIL NEWS
APRIL 03/22

ആവധി ദിനങ്ങളിലും രക്ഷയില്ല. ഇന്ധനവിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം. രാജ്യത്ത് പെട്രോ- ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 85- 87 പൈസയാണ് വര്‍ധിച്ചത്. ഇന്നലെയും ഇന്ധനവിലയില്‍ സമാന വര്‍ധന ഉണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ധനവില തുടര്‍ച്ചയായി കുറയുമ്പോഴാണ് പ്രാദേശിക വിലക്കയറ്റം എന്നതു ശ്രദ്ധേയം. ആഗോള എണ്ണവിലയില്‍ മൂന്നു ദിവസത്തിനിടെ ആറു ശതമാനം ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 137 ദിവസങ്ങളോളം ഇന്ധനവില വര്‍ധിപ്പിക്കാത്തതിന്റെ നഷ്ടം നികത്താനാണ് നിലവിലെ വിലവര്‍ധനയെന്നാണു വാദം.
13 ദിവസം കൊണ്ട് പെട്രോള്‍- ഡീസല്‍ വില ലിറ്ററിന് എട്ടു രൂപയിലധികം വര്‍ധിച്ചു. റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താല്‍ ലിറ്ററിന് 15- 20 രൂപ വര്‍ധിക്കുന്നതു വരെ വില വര്‍ധിക്കും. ഇതിനു ശേഷം മാത്രമാകും രാജ്യാന്തര വിപണിക്കനുസരിച്ച് വിലമാറ്റം മാറൂ. അതായത് ഈ മാസം മുഴുവന്‍ വില വര്‍ധന തുടരാനാണു സാധ്യത. ഇന്നത്തെ വില വര്‍ധനയോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 115 പിന്നിട്ടു.
കൊവിഡ്, പ്രാദേശിക തെരഞ്ഞെടുപ്പ് എന്നീ കാരണങ്ങള്‍ മൂലം 137 ദിവസത്തോളം എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. തുടര്‍ന്നു കുത്തനെയുള്ള വിലവര്‍ധനയ്ക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിദിന വില വര്‍ധന തുടങ്ങിയത്. 137 ദിവസംകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, എച്ച്.പി.സി.എല്‍. തുടങ്ങിയ കമ്പനികളുടെ നഷ്ടം 19,000 കോടി രൂപയ്ക്കു മേലാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ധന വില വര്‍ധനക്കൊപ്പം പാചക വാതക വിലയിലുമുണ്ട് വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചപ്പോള്‍ അഞ്ചു കിലോയുടെ സിലിണ്ടറിന് 13 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് കഴിഞ്ഞ ദിവസം 250 രൂപ കൂട്ടി.ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ ഇപ്പോള്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട സ്ഥിതിയാണ്. വാണിജ്യ സിലിണ്ടറുകളുടെ വിലയും കഴിഞ്ഞ ദിവസം കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.41 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 94.67 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 118.41 രൂപയും ഡീസല്‍ ലിറ്ററിന് 102.64 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115.01 രൂപയും ഡീസല്‍ ലിറ്ററിന് 101.85 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 112.54 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 99.61 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 113.01 രൂപയും ഡീസലിന് 100.08 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *