NADAMMELPOYIL NEWS
MARCH 21/22
തൊടുപുഴ: ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്ന് തൊടുപുഴ ചീനിക്കുഴിയിൽ ഇളയ മകനടക്കമുള്ള നാലംഗ കുടുംബത്തെ ചുട്ടുകൊന്ന കേസിലെ പ്രതി ഹമീദിനെക്കുറിച്ച് മൂത്ത മകൻ ഷാജി. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു. പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും.
മുപ്പത് വർഷങ്ങൾക്ക് മുമ്പ് പിതാവ് ഞങ്ങളെ ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്തത്. ഇതിനിടെ ഞങ്ങൾക്കെതിരെ വിവിധ കേസുകൾ നൽകി. ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഞങ്ങൾ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.
ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാദ്ധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
കസ്റ്റഡിയിൽ വാങ്ങും
പ്രതി ഹമീദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.