NADAMMELPOYIL NEWS
MARCH 19/22
മലപ്പുറം: വണ്ടൂർ പൂങ്ങോട് സെവൻസ് ഫുട്ബാൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഫൈനൽ മത്സരം നടക്കുന്നതിനിടെയാണ് താത്ക്കാലികമായി കെട്ടിയുയർത്തിയ കവുങ്ങ് കൊണ്ടുള്ള ഗാലറി തകർന്ന് വീണത്. സംഭവം നടക്കുമ്പോൾ മൂവായിരത്തോളം പേർ മത്സരം കാണുന്നതിന് വേണ്ടി ഗ്രൗണ്ടിൽ ഉണ്ടായിരുന്നു.
യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം. ഇത്രയേറെ ജനക്കൂട്ടത്തെ സംഘാടകർ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവരെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഗ്രൗണ്ടിൽ ഒരുക്കിയിരുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരം. പ്രദേശത്തെ ഏതാനും ചെറുപ്പക്കാരുടെ സംഘടനയാണ് ടൂർണമെന്റ് നടത്തിയത്. അതിനാൽ അധികം ജനക്കൂട്ടത്തെ ഇവരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അവധി ദിവസമായ ഇന്ന് സംഘാടകരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള ജനക്കൂട്ടം മത്സരങ്ങൾ കാണാൻ എത്തിയിരുന്നു.
ഗ്രൗണ്ടിന് കിഴക്ക വശത്തുള്ള ഗാലറിയാണ് തകർന്നുവീണത്. ഗാലറിയോട് ചേർന്ന് സ്ഥാപിച്ചിരുന്ന താത്ക്കാലിക ഫ്ളഡ്‌ലൈറ്റ് സ്റ്റാൻഡും തകർന്നു വീണു. ഇത് ദേഹത്തേക്ക് വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റിട്ടുള്ളത്. തുടർന്ന് നടന്ന ഉന്തിലും തള്ളിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.