NADAMMELPOYIL NEWS
MARCH 14/22

കൊച്ചി : പോക്സോ കേസിൽ (Pocso Case) നമ്പർ -18 ഹോട്ടൽ ഉടമയും മുഖ്യ പ്രതിയുമായ റോയ് വയലാറ്റിൽ ആശുപത്രിയിൽ റിമാന്റിൽ. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് റോയിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. കേസിൽ കീഴടങ്ങിയ സൈജു തങ്കച്ചനെ ബുധനാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ആശുപത്രിയിൽ നേരിട്ടെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് എറണാകുളം പോക്സോ കോടതി റോയ് വയലാറ്റിനെ ആശുപത്രിയിൽ റിമാന്റ് ചെയ്തത്. കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിൽ രാവിലെ കീഴടങ്ങിയ സൈജു തങ്കച്ചനൊപ്പം ഉച്ചവരെ റോയിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി എത്തിക്കുന്നതിന് മുമ്പ് റോയ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തസമ്മർദം ഉയർന്നതായി കണ്ടെത്തിയതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതി ഭാഗവും, പ്രോസിക്യൂഷനും അറിയിച്ചതനുസരിച്ച് എറണാകുളം പോക്സോ കോടതി ജഡ്ജി നേരിട്ടെത്തി ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിൽ തന്നെ റിമാന്റ് ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം റോയ് വയലാറ്റിനായുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.
ലൈംഗികാതിക്ര പരാതി നൽകിയ പെൺകുട്ടിയെയും അമ്മയെയും കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ച വാഹനം കണ്ടെത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റോയ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. താഴെ വീണുപോയ കുട്ടിയെ എഴുന്നേൽപ്പിച്ച ശേഷം വീണ്ടും തന്റെ ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിച്ചു. റോയിയും സൈജുവും ലൈംഗിക താൽപര്യത്തോടെയാണ് ഇവരോട് പെരുമാറിയതെന്നും, മൂന്നാം പ്രതി അഞ്ജലി റീമ ദേവ് ഇതിനെല്ലാം കൂട്ടുനിന്നെന്നുമാണ് റിമാന്റ് റിപ്പോർട്ടിലുള്ളത്.
പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷൻ സി എച്ച് നാഗരാജു അറിയിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, കൂടുതൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പോലീസ് അറിയിച്ചു.

കോഴിക്കോട് സ്വദേശിയായ യുവതിയുടെയും ഇവരുടെ 17 വയസുള്ള മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി.

രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്.

ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്‌. ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനാണ്‌ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *