NADAMMELPOYIL NEWS
FEBRUARY 11/22
കോഴിക്കോട്: സ്വർണക്കടത്ത് സംഘങ്ങൾ കാരിയർമാരെ തട്ടിക്കൊണ്ടുപോകുന്നത് ജില്ലയിൽ തുടർക്കഥ. നാദാപുരം, കൊടുവള്ളി, കൊയിലാണ്ടി മേഖല കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വർണക്കടത്തിൽ അന്വേഷണം നടക്കുമെന്നതിനാൽ തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ ചുരുക്കംപേരാണ് പരാതി നൽകുന്നത്.
അവരാണെങ്കിൽ ആളുകൾ തിരിച്ചെത്തുന്നതോടെ പരാതിയിൽനിന്ന് പിൻവാങ്ങുകയും ചെയ്യും. ഇതോടെ കേസിൽ പ്രതികൾ പിടിയിലാവുന്നുമില്ല. നാട്ടിലേക്ക് വരുന്ന പ്രവാസികളെ സ്വർണം ഏൽപിക്കുകയും നാട്ടിലെത്തി സ്വർണം കൈമാറുമ്പോൾ കമീഷൻ തുക നൽകുകയുമാണ് കൊള്ള സംഘങ്ങൾ ചെയ്യുന്നത്. ചില കാരിയർമാർ നാട്ടിലെത്തിയാൽ സ്വർണം കൈമാറുന്നില്ല. ഇതോടെ ക്വട്ടേഷൻ സംഘങ്ങൾ ഉൾപ്പെടെയുള്ളവരെത്തി കാരിയർമാരെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ‘ചോദ്യം ചെയ്യൽ’ നടത്തുകയാണ് രീതി.
നാദാപുരം പൊലീസ് പരിധിയിലെ മുതുവടത്തൂർ, കക്കംവെള്ളി ഭാഗങ്ങളിൽനിന്ന് അടുത്തിടെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷഫീഖ്, റാഷിദ് എന്നിവരെ മലപ്പുറത്തെ വേങ്ങരയിൽനിന്നാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഗൾഫിൽനിന്ന് ജനുവരിയിൽ നാട്ടിലെത്തിയ ഷഫീഖിന്റെ കൈവശം മലപ്പുറം സ്വദേശി അമീൻ നൽകിയ സ്വർണം നാട്ടിലെ ആൾക്ക് കൈമാറാത്തതാണ് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് തട്ടികൊണ്ടുപോകാൻ കാരണമായത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റിലും സമാനമായ രീതിയിൽ ജില്ലയിൽ പ്രവാസികളെ തട്ടികൊണ്ടുപോയിരുന്നു. രണ്ടിനുപിന്നിലും സ്വർണ ഇടപാടാണെന്നാണ് കണ്ടെത്തിയത്.
ജൂലൈയിൽ കൊയിലാണ്ടി ഊരള്ളൂർ സ്വദേശി അഷ്റഫിനെ വീട്ടിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ സഹോദരൻ സിദ്ദീഖ് നൽകിയ പരാതിയെ തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ദിവസങ്ങൾക്കുശേഷം മർദിച്ചവശനാക്കി മാവൂർ പൊലീസ് പരിധിയിൽ റോഡരികിൽ തള്ളുകയായിരുന്നു.
ആഗസ്റ്റിൽ മുത്താമ്പി സ്വദേശി ഹനീഫയെയും തട്ടിക്കൊണ്ടുപോയി. മർദിച്ചവശനാക്കിയാണ് ഇയാളെയും ഉപേക്ഷിച്ചത്. ഖത്തറിൽനിന്നെത്തി രണ്ടുമാസം കഴിഞ്ഞതോടെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഇവക്കെല്ലാം പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ച സ്വർണകള്ളക്കടത്ത് സംഘത്തിൽ പെട്ടവരാണെന്നാണ് വ്യക്തമായത്. കുപ്രസിദ്ധ കുറ്റവാളികളായ പന്തീരാങ്കാവ് സ്വദേശി രഞ്ജിത്ത് (കാക്ക രഞ്ജിത്ത്), പെരിങ്ങളം സ്വദേശി ഷിജു (ടിങ്കു) എന്നിവരടക്കമുള്ളവർ ഇത്തരം തട്ടിക്കൊണ്ടുപോകൽ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ വിവരവും പൊലീസിന് ലഭിച്ചിരുന്നു. അതിനിടെ നേരത്തേ ഓമശ്ശേരി സ്വദേശിയെ സമാനസംഭവത്തിൽ ആളുമാറി തട്ടിക്കൊണ്ടുപോയി മാർദിച്ചതിനും ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പൊലീസെന്ന് പറഞ്ഞ് പിടിച്ചുക്കൊണ്ടുപോയ കൊടുവള്ളി മേഖലയിലെ ചിലർ ഇയാളെ വയനാട്ടിലെ റിസോർട്ടിലും മലപ്പുറത്തെ ഒരു ഗോഡൗണിലും കൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി മർദിച്ചവശനാക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കടന്നുകളയുകയുമായിരുന്നു. ഈ കേസിൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ പത്തോളം പ്രതികൾ രാമനാട്ടുകര സ്വർണ കവർച്ച കേസിൽ പിടിയിലായിരുന്നു.