NADAMMELPOYIL NEWS
JANUARY 03/22
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന് ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ ഉപയോഗിച്ചിരുന്ന ആറു മൊബൈല്‍ ഫോണുകള്‍ നാളെ രാവിലെ 10.15 മുമ്പ് മുദ്രവച്ച ബോക്സില്‍ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറലിനു കൈമാറണമെന്ന് ഉത്തരവ്.
ഫോണുകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഉപഹര്‍ജിയിൽ ഹൈക്കോടതി ജസ്റ്റീസ് പി. ഗോപിനാഥ് ആണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിട്ടത്.
ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകള്‍, വിവോയുടെ ഒരു ഫോണ്‍, അനൂപ് ഉപയോഗിച്ച ഒരു വാവെ-ഓണര്‍ ഫോണ്‍, ഒരു റെഡ്മി ഫോണ്‍, സുരാജ് ഉപയോഗിച്ചിരുന്ന വാവെയുടെ ഒരു ഫോണ്‍ എന്നിവ കൈമാറണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏത് ഏജന്‍സിക്ക് നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിക്കവെ ഏഴു ഫോണുകളാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ഇതില്‍ ദിലീപിന്റേതെന്നു പറയുന്ന നാലു ഫോണുകളില്‍ ഒരെണ്ണം ഏതു കമ്പനിയുടേതാണെന്നു പോലും വ്യക്തമാക്കാതെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഈ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപിന്റെ സീനിയര്‍ അഭിഭാഷകന് രാമന്‍പിള്ള വാദിച്ചു. തുടര്‍ന്ന് ഈ ഫോൺ ഒഴിവാക്കി.
മറ്റു ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലെ ഒരു ഏജന്‍സിക്ക് നല്‍കിയിരിക്കുകയാണെന്നും ദിലീപിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഫോണിലുണ്ടെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. ഇതു വീണ്ടെടുക്കാനാണ് മൊബൈലുകള്‍ പരിശോധനയ്ക്കു നല്‍കിയത്. ഇവ എത്തിക്കാന്‍ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
മൊബൈലുകള്‍ കേരളത്തിലെ ഫോറന്‍സിക് സയന്റിഫിക് ലാബില്‍ പരിശോധനയക്ക് നല്‍കരുതെന്നും അവര്‍ പോലീസിനൊപ്പമാണെന്നും ഹര്ജിക്കാരന് പറഞ്ഞപ്പോഴാണ് ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച തീരുമാനിക്കാമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയത്.