NADAMMELPOYIL NEWS
JANUARY 18/22
മുക്കം; കളൻതോട് കെഎംസിറ്റി പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ അടിച്ചുതകർത്തു. പരീക്ഷ മുടങ്ങിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ അക്രമം നടത്തിയത്. അദ്ധ്യാപകർ പണിമുടക്കിയതിനാലാണ് ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയത്. അതേസമയം ഏഴു മാസമായി ശമ്പളം മുടങ്ങിയതിനാലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്.
ഇന്നലെയാണ് അദ്ധ്യാപകരുടെ പണിമുടക്ക് ആരംഭിച്ചത്. ഇന്ന് രണ്ടാംവർഷ വിദ്യാർത്ഥികളുടെ പരീക്ഷ തുടങ്ങുന്ന ദിവസമാണ്.എന്നാൽ പരീക്ഷ നടത്താൻ അദ്ധ്യാപകർ വിസമ്മതിക്കുകയായിരുന്നു. നവംബറിൽ നടക്കേണ്ട പരീക്ഷ കൊവിഡ് കാരണം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്നും പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ മുറിയിലെത്തി ബഹളം വച്ചു. ഇതിന് തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രവർത്തകരും കോളേജിലേക്ക് മാർച്ച് നടത്തി. എന്നാൽ കോളേജിലെ പ്രശ്നങ്ങൾ തീർക്കാൻ പുറത്തു നിന്നും ആരെയും സഹായം വേണ്ടെന്ന് പറഞ്ഞ വിദ്യാർത്ഥികളും എസ്എഫ്ഐ പ്രവർത്തകരുമായി ഏറെ നേരം സംഘർഷമുണ്ടായി.
സംഭവത്തിനു ശേഷം സ്ഥലം സിഐ കോളേജിലെത്തി പ്രൻസിപ്പാളും വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളുമായും ചർച്ച നടത്തി. ശമ്പളം നൽകുന്ന കാര്യം തീരുമാനമുണ്ടാക്കാനായി നാളെ അദ്ധ്യാപക സംഘടനാ പ്രവർത്തകരെയും കോളേജ് മാനേജ്മെന്റിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. അതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷകൾ നടത്താൻ അദ്ധ്യാപകർ തയ്യാറായി. എന്നാൽ ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന പരീക്ഷ നടക്കാത്തതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന് ചോദിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. ഇവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. നിലവിൽ പരീക്ഷ ആരംഭിച്ചെങ്കിലും വളരെ ചുരുക്കം വിദ്യാർഥികൾ മാത്രമേ പരീക്ഷയിൽ പങ്കെടുക്കുന്നുള്ളു.