NADAMMELPOYIL NEWS
JANUARY 13/22

കോഴിക്കോട്: എം.എസ്.എഫില്‍ വീണ്ടും അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത്‌നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയിരിക്കുന്നത്.
ഹരിത വിഷയത്തില്‍ പി.കെ. നവാസിനെതിരെ ലത്തീഫ് തുറയൂര്‍ രംഗത്തുവന്നിരുന്നു. ഹരിത വിഭാഗവും എം.എസ്.എഫും തമ്മിലുണ്ടായ പ്രശ്‌നത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലെന്ന് ലീഗ് നേതൃത്വത്തിന് പരാതി കിട്ടിയിരുന്നു.

രണ്ടുപേരും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എം.എസ്.എഫിനകത്ത് വിഭാഗീയതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നത്.

ഹരിത വിഷയത്തില്‍ നവാസിനെതിരെ ലത്തീഫ് പൊലീസിന് മൊഴി നല്‍കിയെന്നും എം.എസ്.എഫ് യോഗത്തിന്റെ മിനുട്‌സ് കൈമാറിയെന്നും നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു.
വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പൊലീസിന് നല്‍കുകയും ചെയ്തിരുന്നു.
പി.കെ നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത് മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര് സ്വീകരിച്ചിരുന്നത്. എം.എസ്.എഫിലെ ചില വ്യക്തികളുടെ പ്രവര്‍ത്തി നാണക്കേടായി. ഹരിത വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലത്തീഫ് തുറയൂര് ആരോപണമുന്നയിച്ചിരുന്നു.

ലൈംഗിക അധിക്ഷേപ പരാതിക്കു പിന്നാലെ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടി വിവാദമായിരിക്കെ ലത്തീഫ് രംഗത്തുവന്നിരുന്നു. മുസ്‌ലിം ലീഗും എം.എസ്.എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായ ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞിരുന്നു
കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് വെച്ചുനടന്ന യോഗത്തിലാണ് ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ സംസ്ഥാന പ്രസിഡന്റായ പി.കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയുയര്‍ന്നത്. പിന്നീട് ഹരിതയിലെ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിക്കുകയും ചെയ്തതോടെയാണ് സംഭവും വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *