NADAMMELPOYIL NEWS
JANUARY 12/22

തളിപ്പറമ്പ്:ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിൽ കുത്തേറ്റു മരിച്ച ധീരജിന് കലാലയത്തിലും തുടർന്ന് നാട്ടിലേക്കുള്ള വിലാപയാത്രയിൽ വഴിനീളെ ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. തളിപ്പറമ്പ് തൃച്ചംബരത്ത് ജനസമുദ്രത്തെ സാക്ഷിയാക്കി ധീരജിന് വിട.രാത്രി പന്ത്രണ്ടു മണിയോടെ മൃതദേഹം തളിപ്പറമ്പ് തൃച്ചംബരത്തെ ‘അദ്വൈത’ത്തിൽ എത്തിക്കുമ്പോൾ വേർപാട് താങ്ങാനാവാതെ നിലവിളിയിലമർന്നു വീട്.

ധീരജിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻജനാവലിയാണ് പൊതുദർശനത്തിനു വച്ച വിവിധ കേന്ദ്രങ്ങളിലും തളിപ്പറമ്പിലെ വീട്ടിലുമെത്തിയത്. കണ്ണൂർ ജില്ലാ അതിർത്തിയായ മാഹി പാലത്ത് നിന്നു ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. രാത്രി എട്ടരയോടെ കോഴിക്കോട് നഗരത്തിലെ മലാപ്പറമ്പിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു പ്രമുഖ നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.

തളിപ്പറമ്പ് കെ. കെ. എൻ പരിയാരം സ്മാരക ഹാളിലും പൊതുദർശനമുണ്ടായിരുന്നു.സി.പി.എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

പട്ടപ്പാറയിലെ പൊതുശ്മശാനത്തോടെ ചേർന്ന് സി.പി.എം വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് സംസ്കാരം. ഇവിടെ ധീരജിന് സ്മാരകം പണിയും.സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തളിപ്പറമ്പിൽ പൂർണ്ണമായിരുന്നു.

വിതുമ്പിക്കരഞ്ഞ് കലാലയം

ഇടുക്കി: തലേദിവസം ഉച്ചവരെ ഓടിനടന്ന ക്യാമ്പസിലേക്ക് വീണ്ടുമെത്തിയപ്പോൾ, എപ്പോഴും പാട്ട് മൂളിയിരുന്ന ചുണ്ടുകൾ നിശബ്ദമായിരുന്നു. മുദ്രാവാക്യം വിളികൾക്കായി വാനിലുയർന്ന മുഷ്ടികൾ മുറിവേറ്റ ഇടനെഞ്ചോട് ചേർന്നിരുന്നു. സഹപാഠികൾ നിറകണ്ണുകളോടെ, കണ്ഠമിടറിയെങ്കിലും തളരാതെ വിളിച്ചു…’ ധീരാ ധീരാ ധീരജേ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ….”

കുത്തേറ്റു വീണ കോളേജിന്റെ കവാടവും കടന്ന് ധീരജിന്റെ നിശ്ചല ശരീരം എത്തുമ്പോൾ വിതുമ്പലടക്കാൻ പാടുപെടുകയായിരുന്നു സഹപാഠികളും അദ്ധ്യാപകരും. അവന്റെ പാട്ടുകൾക്ക് കാതോർത്തിരുന്ന കോളേജ് ഹാളിൽ ഏങ്ങലടികൾ മാത്രമായി. എപ്പോഴും ചിരിച്ചിരുന്ന അവന്റെ നിശ്ചലമായ മുഖത്തേക്ക് നോക്കാൻ കഴിയാതെ സഹപാഠികളിൽ പലരും മുഖംപൊത്തി.

ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെ 10 മണിയോടെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് സച്ചിൻദേവ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘടനാപതാക പുതപ്പിച്ച് ഏറ്റുവാങ്ങിയത്. പിന്നെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക്. ജില്ലാ സെക്രട്ടറി സി.വി വർഗീസും എം.എം മണി എം.എൽ.എയുമടക്കമുള്ള നേതാക്കൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ പൊതുദർശനത്തിനുശേഷമാണ് കോളേജിലേക്കും തുടർന്ന് ജന്മനാട്ടിലേക്കും കൊണ്ടുപോയത്. മൃതദേഹം കടന്നുപോയ വഴികളിലെല്ലാം എസ്.എഫ്.ഐ പ്രവർത്തകർ ശുഭ്രപതാകയുമായി ഒരുനോക്കു കാണാൻ കാത്തു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *