അഡ്വക്കേറ്റ് ജനറൽ തെറ്റിദ്ധരിപ്പിച്ചതിനാലാണ് നിയമനം നടത്തിയതെന്നും പുനർനിയമന ഉത്തരവ് ക്രമവിരുദ്ധമാണെന്നും ഗവർണർ ആവർത്തിക്കുന്നുണ്ട്. ചാൻസലർ പദവിയൊഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി, ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിന് കൈമാറിയെങ്കിലും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകാൻ മുതിർന്ന അഭിഭാഷകനെ അദ്ദേഹം നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ടെങ്കിലും നിയമിക്കപ്പെടുമ്പോൾ 60 വയസ് കഴിയാൻ പാടില്ല. യു.ജി.സി മാനദണ്ഡത്തിൽ പ്രായപരിധി പറയുന്നില്ലെങ്കിലും പുനർനിയമനത്തിന് വ്യവസ്ഥയില്ല. രണ്ടിലും വി.സി നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സിയുടെ പുനർനിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ സത്യവാങ്മൂലം നൽകിയാൽ സർക്കാർ വെട്ടിലാവും. മുൻപ് കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെയോ സർവകലാശാലയുടെയോ നിലപാടല്ല, നിയമനാധികാരിയായ ചാൻസലറുടെ നിലപാടാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി തന്നെ സമ്മർദ്ദത്തിലാക്കി നിയമ വിരുദ്ധ ഉത്തരവിറക്കിച്ചതാണെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ എഴുതിയ കത്ത് തെളിവായി വാദി ഭാഗം ഹാജരാക്കും. പുനർനിയമനം ലഭിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് സർവകലാശാലാനിയമപ്രകാരം പ്രായപരിധി കഴിഞ്ഞെന്ന് തെളിയിക്കാനായാൽ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവരും. ഇത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും. മറിച്ചായാൽ ഗവർണർ കൂടുതൽ ദുർബലനാവും.
വി.സി നിയമനത്തിന് ചട്ടപ്രകാരം വിജ്ഞാപനമിറക്കുകയും സെലക്‌ഷൻ കമ്മിറ്റിയുണ്ടാക്കുകയും ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തശേഷമാണ് വിസിയായിരുന്ന ആളെ വീണ്ടും നിയമിക്കണമെന്ന് പ്രോചാൻസലറായ മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടതെന്ന് ഗവർണർ ഹൈക്കോടതിയെ അറിയിക്കും. നടപടിക്രമങ്ങൾ പാലിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി സർക്കാർ നിർബന്ധിച്ചു. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തതിനാൽ സർവകലാശാലകളുടെ ചാൻസലർ പദവി താൻ ഒഴിഞ്ഞതായും അറിയിക്കും. കേസിൽ ഒന്നാം എതിർകക്ഷി ഗവർണറും രണ്ടാം എതിർകക്ഷി സർക്കാരുമാണ്. സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പാവും ഹാജരാവുക.