NADAMMELPOYIL NEWS
JANUARY 12/22
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു വെളിപ്പെടുത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനു സുരക്ഷാഭീഷണി കണക്കിലെടുത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ദിലീപിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയെതുടര്ന്നാണിത്.
എറണാകുളം മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഇന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. രഹസ്യമൊഴി നല്‍കാനായി കോടതിയിലേക്കു വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്റെ വീടും സ്ഥലവും സംബന്ധിച്ച് ഒരു നിര്‍മാതാവ് അന്വേഷണം നടത്തിയതായി വിവരം ലഭിച്ചുവെന്നും മുഖ്യമന്ത്രിക്കും പോലീസിനും നല്കിയ പരാതിയില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ കളമശേരി ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയശേഷം പുറത്തിറങ്ങിയ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.