NADAMMELPOYIL NEWS
JANUARY 11/22

ഇടുക്കി: ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനെത്തിക്കും. തുടര്‍ന്ന് ചെറുതോണിയില്‍നിന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുപോവും. യാത്രയ്ക്കിടയില്‍ വിവിധ സ്ഥലത്ത് പൊതുദര്‍ശനത്തിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇയാളുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖില്‍ പൈലി ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ ചെറുതോണി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ചു പേരില്‍ ആരെയൊക്കെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന കാര്യത്തിലും പോലിസ് ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്.

തളിപ്പറമ്പില്‍ എല്‍ഐസി ഏജന്റായ അച്ഛന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജന്‍ അദ്വൈത് തളിപ്പറമ്പ് സര്‍ സയ്യിദ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കുടുംബമായി വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജ് രാജേന്ദ്രന് വീടിനോട് ചേര്‍ന്ന് തന്നെയാണ് അന്ത്യവിശ്രമത്തിനുള്ള സ്ഥലമൊരുക്കുന്നത്. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *