NADAMMELPOYIL NEWS
JANUARY 10/22
ന്യൂഡൽഹി: കോവിഡ് പരിശോധന ചട്ടങ്ങളിൽ മാറ്റം. വൈറസ് ബാധിതരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും പരിശോധനക്ക് വിധേയരാക്കേണ്ടതില്ലെന്ന് കേന്ദ്രം പുതിയ മാർഗരേഖയിൽ നിർദേശിച്ചു. രോഗലക്ഷണം കാണിക്കാത്തവർ, ഗാർഹിക ഐസൊലേഷൻ പൂർത്തിയാക്കിയവർ, കോവിഡ് കേന്ദ്രങ്ങളിൽനിന്ന് വിട്ടയച്ചവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമായവർ, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര നടത്തുന്നവർ എന്നിവർക്ക് കോവിഡ് പരിശോധന വേണ്ടതില്ല. അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തിൽ പരിശോധന മാർഗനിർദേശങ്ങൾ അതേപടി തുടരും.
അതിജാഗ്രത ആവശ്യമായ കേസുകളിൽ ഒഴികെ, സമ്പർക്ക പട്ടികയിലുള്ളവർക്ക് കോവിഡ് പരിശോധന വേണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പുറത്തിറക്കിയ മാർഗരേഖ പറയുന്നത്. ഗുരുതര രോഗങ്ങളുള്ളവർ, 60 വയസ്സ് കഴിഞ്ഞവർ എന്നിവരാണ് അതിജാഗ്രത ആവശ്യമായവർ. ഇവരുടെ കാര്യത്തിൽ സമ്പർക്കത്തെ തുടർന്ന പരിശോധനയും നിരീക്ഷണവും ആവശ്യമാണ്.
ഒമിക്രോൺ നിരീക്ഷണത്തിന്റെ ഭാഗമായാണ് ജീനോം സീക്വൻസിങ് (ജനിതക ശ്രേണീകരണം) നടത്തുന്നത്. അത് ചികിത്സ ആവശ്യത്തിനു വേണ്ടതില്ല. ജീനോം നിരീക്ഷണ കൂട്ടായ്മയായ ഇൻകോഗിന്റെ മാർഗനിർദേശപ്രകാരമുള്ള സാമ്പിളുകൾക്ക് മാത്രം ജനിതക ശ്രേണീകരണം നടത്തിയാൽ മതിയെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.