NADAMMELPOYIL NEWS
JANUARY 10/22
കോഴിക്കോട്: ഇടതുമുന്നണി സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഭരിക്കുന്ന സർക്കാരിൽ നിന്ന് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്ന സമീപനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേത്. അതിൽ വിമർശിക്കേണ്ട കാര്യമില്ല. തന്ത്രപരമായ ഒരു സമീപനം എന്നുമാത്രം കരുതിയാൽ മതിയെന്ന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മതവിശ്വാസികൾ കൂടി ഉൾപ്പെട്ട മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്നവരൊക്കെയും ദൈവവിശ്വാസികളല്ല എന്നും കരുതുന്നില്ല. അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പാർട്ടി ഗ്രാമങ്ങളിൽ മുന്നോട്ടു പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. സാഹചര്യത്തിന്റെ പേരിൽ കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ടാകും. അവരൊക്കെ നമ്മുടെ പള്ളിയോടും മദ്രസയോടും ഒക്കെ സഹകരിക്കുന്നവരുമാവാം. അവരെ വെറുപ്പിക്കുന്ന സമീപനം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അബ്ദുസമദ് പറഞ്ഞു.
സമസ്തയ്ക്ക് സ്വതന്ത്രതീരുമാനം
എടുക്കാം: എം.കെ.മുനീർ
സമസ്തയ്ക്ക് സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. സഹവർത്തിത്വം ആവശ്യമാണ്. നിയമസഭയിൽ സമസ്തയ്ക്ക് വേണ്ടി സംസാരിക്കാൻ ലീഗേ ഉള്ളൂ. വഖഫ് നിയമന വിഷയത്തിൽ മുസ്ലിം ലീഗ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതിനോട് രാഷ്ട്രീയ സഹകരണമില്ല : അബ്ദുസമദ് പൂക്കോട്ടൂർ
മലപ്പുറം: സമസ്ത ഇടതിനോട് അടുക്കുന്നെന്ന തരത്തിലെ പ്രചാരണം ദുരുദ്ദേശ്യപരമാണെന്നും ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണമെന്ന് പറയുന്നതിനർത്ഥം രാഷ്ട്രീയ സഹകരണമല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ നിലമ്പൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാരിനോട് സംഘട്ടന സമീപനം സ്വീകരിക്കുന്നതിന് പകരം സഹകരണ സമീപനമെടുക്കുന്നതാണ് ബുദ്ധിപരമെന്ന തന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് അബ്ദുസമദ് പൂക്കോട്ടൂുർ വിശദീകരണവുമായി രംഗത്തെത്തിയത്. സമസ്തയിൽ എക്കാലത്തും ഒരേ അഭിപ്രായമാണ് ഉണ്ടായിട്ടുളളത്. സമസ്തയിൽ ഒരിക്കലും ഭിന്നതയുണ്ടാകില്ല. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സഹകരിക്കാമെന്നതാണ് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങളും വ്യക്തമാക്കിയതെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സർക്കാരുകളോട് സമസ്തക്കുള്ളത്
നല്ല സമീപനം: കെ.ടി.ജലീൽ
മലപ്പുറം: മാറി വരുന്ന സർക്കാരുകളോടെല്ലാം നല്ല സമീപനമാണ് സമസ്ത അനുവർത്തിച്ചിട്ടുള്ളതെന്ന് കെ.ടി.ജലീൽ എം.എൽ.എ പറഞ്ഞു. സർക്കാരിനോട് സഹകരിക്കുന്ന നിലപാടാണ് സമസ്തയ്ക്കുള്ളതെന്നും കമ്യൂണിസ്റ്റ് പാർട്ടിയിലെ എല്ലാവരും അവിശ്വാസികളല്ലെന്നുമുള്ള എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുസമദ് പൂക്കോട്ടൂരിന്റേത് വളരെ നല്ല നിരീക്ഷണമാണെന്നും കെ.ടി.ജലീൽ പറഞ്ഞു.