2022 | ജനുവരി 6 | 1197 | ധനു 22 | വ്യാഴം | അവിട്ടം,

🔳പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ റദ്ദാക്കി. പഞ്ചാബിലും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ഇന്നലെ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പഞ്ചാബില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയ്ക്കു പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി.

🔳”പഞ്ചാബ് മുഖ്യമന്ത്രിക്കു നന്ദി. ഞാന്‍ ജീവനോടെ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തി”- കര്‍ഷക പ്രതിഷേധം മൂലം യാത്ര മുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത് ഇങ്ങനെ. ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോടു നന്ദി അറിയിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു.

🔳പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രോട്ടോക്കോളില്‍ വന്‍ വീഴ്ചയെന്ന് എസ്പിജി. പഞ്ചാബ് പൊലീസ് കൂടി സമ്മതിച്ച ശേഷമാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം പോകാന്‍ തീരുമാനിച്ചതെന്ന് എസ്പിജി പറയുന്നു. അടിയന്തിര ഘട്ടത്തില്‍ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണം എന്ന സുരക്ഷാ നിര്‍ദ്ദേശവും നടപ്പായില്ലെന്ന് എസ്പിജി.

🔳സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി മടങ്ങിപ്പോയത് ഖേദകരമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. കാലാവസ്ഥ മോശമായതിനാല്‍ അവസാന നിമിഷമാണ് റോഡ് മാര്‍ഗം പോകാന്‍ തീരുമാനിച്ചത്. റോഡില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. മറ്റൊരു വഴിയിലൂടെ പോകാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം തിരിച്ചുപോയി. കൊവിഡ് പോസിറ്റീവായ ആളുമായി സമ്പര്‍ക്കമുള്ളതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳കോണ്‍ഗ്രസ് എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നിര്‍മ്മിത സംഭവങ്ങളാണ് പഞ്ചാബിലുണ്ടായതെന്നും കോണ്‍ഗ്രസ് മാപ്പുപറയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

🔳പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ.

🔳കെ റയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് സംസ്ഥാനവ്യാപക സമരത്തിന്. പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടണം. കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികള്‍ ആരംഭിക്കും. സമരത്തിന് സംസ്ഥാനതല നേതാക്കള്‍ നേതൃത്വം നല്‍കും. അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നും യുഡിഎഫ് നേതാക്കള്‍ പ്രഖ്യാപിച്ചു.

🔳സര്‍വ്വേക്കല്ലുകള്‍ പിഴുതെറിഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ഇടുക്കി ജില്ലാ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടര്‍ വന്നാല്‍ പോരാ. ജനവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൊച്ചിയില്‍. എറണാകുളം ടിഡിഎം ഹാളില്‍ 11 നു പൗരപ്രമുഖരുടെ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

🔳കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. നിയമനത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.

🔳സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന മേഖലയിലേക്ക് സ്വകാര്യ സംരഭകരെ ക്ഷണിച്ച് കെഎസ്ഇബി. പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ 2400 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംരഭകരെ പരിചയപ്പെടുത്താനുള്ള നിക്ഷേപ സംഗമം തിരുവനന്തപുരത്ത് നടന്നു. 25 വര്‍ഷം സ്വന്തമായി നടത്തി മുടക്കുമുതല്‍ തിരിച്ചുപിടിച്ചശേഷം കൈമാറും. അതേസമയം പദ്ധതിക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സമരത്തിനിറങ്ങുകയാണ്.

🔳കേരളത്തിലെ മലയോര ഹൈവേയുടെ റൂട്ട് മലയോര മേഖലയിലൂടെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. മലയോര ഹൈവേ ദേശീയപാതയില്‍നിന്നു മലയോരങ്ങളിലേക്കു മാറ്റണമെന്നാണ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്റെ ഹര്‍ജി ഹൈക്കോടതിയില്‍. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ല. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ വിളിച്ചു വരുത്തണമെന്ന ആവശ്യവും കോടതി തള്ളി. കോടതിക്കെതിരായ ഹര്‍ജി ഇന്നു പരിഗണിക്കും.

🔳മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആര്‍.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രേമചന്ദ്രന്‍ പ്രസിഡന്റായ സംഘടന സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ആര്‍.എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതി.

🔳കണ്ണൂര്‍ മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ പൊന്നന്‍ ഷമീറിനെതിരേ തത്കാലം പുതിയ കേസൊന്നും എടുത്തില്ല. ട്രെയിനില്‍ പൊലീസ് മര്‍ദ്ദിച്ചോയെന്ന് ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. ടിക്കറ്റ് എടുത്തിരുന്നു. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു.

🔳ട്രെയിനില്‍ യാത്രക്കാരനെ പോലീസ് ചവിട്ടിയതിനെ ന്യായീകരിച്ചുകൊണ്ട് പ്രതികളെ കിട്ടിയാല്‍ ഇനിയും ചവിട്ടിക്കൂട്ടുമെന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ‘ആക് ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ രംഗം സഹിതമാണ് പൊലീസ് പോസ്റ്റിട്ടത്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചത്.

🔳മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസില്‍ ഒന്‍പത് പെട്ടികളിലായിരുന്നു 436 കിലോ ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.

🔳ഹൈടെക് സ്റ്റൈലില്‍ കോഴിക്കോട് കോടഞ്ചേരിയിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് 15 ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മുക്കം സ്വദേശികളായ മുഹ്സിന്‍ (20), അജാസ്( 20) എന്നിവരാണ് പിടിയിലായത്. സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത്, ഫ്ളിപ്പ്കാര്‍ട്ടില്‍നിന്ന് ഓണ്‍ലൈനായി വാങ്ങിയ ആംഗിള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് താഴ് മുറിച്ചാണ് അകത്തു കടന്നത്.

🔳ബംഗ്ലൂരു വിമാനത്താവളത്തില്‍ 1.37 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി ഫൈസല്‍ പിടിയിലായി. ദുബായില്‍നിന്നു വന്ന ഇയാളുടെ കൈയില്‍ 24 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്.

🔳ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസ് പ്രതിഷേധ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പൊലീസിന് സാധക്കുന്നില്ലെങ്കില്‍ അക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

🔳എരുമേലിയില്‍ മദ്യപിച്ചു ഡ്യൂട്ടി ചെയ്ത ഏറ്റൂമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥിനു സസ്പെന്‍ഷന്‍. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് സ്പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. മദ്യലഹരിയില്‍ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

🔳വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധരും മരാമത്ത് വകുപ്പ്, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗങ്ങളിലെ വിദഗ്ധരും ചേര്‍ന്നു തയാറാക്കിയ പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സിനു കൈമാറി. യുഎഇ കോണ്‍സുലേറ്റ് വഴി അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി രൂപ ചെലവാക്കി140 ഫ്ളാറ്റുകള്‍ നിര്‍മിക്കവേയാണ് ആരോപണങ്ങളുയര്‍ന്നത്.

🔳അന്തരിച്ച പി.ടി. തോമസിനെ നിശിതമായി വിമര്‍ശിച്ച് സിപിഎം നേതാവ് എം.എം. മണി. സിപിഎമ്മിനെ ഇത്രയേറെ ദ്രോഹിച്ച കോണ്‍ഗ്രസ് നേതാവ് ഇല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച പി.ടി. തോമസ് പുണ്യാളനാണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും മണി.

🔳ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ചെറുക്കാന്‍ ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചില്‍ മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

🔳നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി . കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ ആര്‍എസ്എസുകാരനാണ് തന്നെ ആക്രമിച്ചത്. പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കുകയാണു ചെയ്തതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

🔳കണ്‍സ്യൂമര്‍ ഫെഡിന്റെ ആലപ്പുഴ ബോട്ട് ജെട്ടിയിലെ പ്രീമിയം കൗണ്ടറിലെത്തി മദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം കാവാരത്ത് രാധാകൃഷ്ണന്റെ മകന്‍ രാധാ സുജിത്ത് എന്ന മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്.

🔳കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസിലെ പ്രതി താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി മൂലടക്കല്‍ അബൂബക്കര്‍ സിദ്ധിഖ് (30) പിടിയിലായി. കൊടുവള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നു തമിഴ്നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ ആര്‍.എന്‍ രവി സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ നിലപാട് ആവര്‍ത്തിച്ചത്. ഏതാനും വര്‍ഷങ്ങളായി ജലനിരപ്പ് 142 അടിയാക്കി നിര്‍ത്തിയിരുന്നു.

🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്നു മുതല്‍ രാത്രി ലോക്ഡൗണ്‍. വിദ്യാലയങ്ങള്‍ക്ക് അവധി. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചയിലേക്കു മാറ്റി.

🔳ഒമിക്രോണ്‍ പരിശോധനക്കു പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആര്‍. നാല് മണിക്കൂറിനുള്ളില്‍ ഫലം അറിയാം.

🔳കോവിഡ് വാക്സിനായ കോവാക്സിന്‍ സ്വീകരിച്ചതിനുശേഷം പാരാസെറ്റമോളോ വേദനസംഹാരികളോ കഴിക്കരുതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. മറ്റു ചില വാക്സിനുകള്‍ എടുത്തശേഷം പാരസെറ്റമോള്‍ കഴിക്കാന്‍ ശിപാര്‍ശ ചെയ്യാറുണ്ടെങ്കിലും കോവാക്സിന് അതിന്റെ ആവശ്യമില്ല.

🔳പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കംചെയ്തതിനു പിറകേ, കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ് അമരീന്ദര്‍ സിംഗ്.

🔳എയര്‍ ഇന്ത്യ വില്‍പ്പന ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവിറക്കും. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ടാറ്റയ്ക്ക് വിറ്റ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.

🔳സമാജ് വാദി പാര്‍ട്ടി നേതാവ് ഫിറോസ് പപ്പുവിനെ അജ്ഞാത അക്രമി സംഘം കഴുത്തറുത്തു കൊന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു മടങ്ങവേയാണ് മുപ്പത്തഞ്ചുകാരനായ നേതാവിനെ കൊലപ്പെടുത്തിയത്.

🔳രണ്ടാമതൊരു ഉംറ ചെയ്യാന്‍ 10 ദിവസത്തിനുശേഷം മാത്രമേ അനുമതി നല്‍കൂവെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന.

🔳ഇന്ധന വിലയ്ക്കെതിരായ പ്രക്ഷോഭത്തിനൊടുവില്‍ കസാഖിസ്ഥാന്‍ സര്‍ക്കാര്‍ രാജിവച്ചു. തെരുവിലിറങ്ങിയ ജനത്തെ നേരിടാന്‍ പൊലീസും പട്ടാളവും രംഗത്തെത്തി. ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ രണ്ട് ആഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവില്‍ ഇന്നലെ കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് രാജി വയ്ക്കുകയായിരുന്നു.

🔳വാട്സാപ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ടു വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ.

🔳സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു വാക്‌സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലോംഗ് ഐലന്റിലെ ഹെരിക്‌സ് ഹൈ സ്‌കൂളിലെ 54 കാരിയായ അധ്യാപിക ലോറ റൂസ്സോയാണ് അറസ്റ്റിലായത്. കുത്തിവയ്പു നടത്താനുള്ള യോഗ്യതനേടാതെ കുത്തിവയ്പു നടത്തിയതിനാണ് കേസ്.

🔳ഐഎസ്എല്ലിലെ ആവേശപ്പോരില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്‌സി പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സമനിലയില്‍ പിരിഞ്ഞപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചു.

🔳ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിവസം ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 122 റണ്‍സ് കൂടി നേടിയാല്‍ മത്സരം സ്വന്തമാക്കാം. എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ.

🔳കേരളത്തില്‍ ഇന്നലെ 71,098 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 229 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,895 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 231 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേര്‍ രോഗമുക്തി നേടി. ഇതോടെ 22,910 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസര്‍ഗോഡ് 83.

🔳രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. ഇന്നലെ 85,979 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 26,538 പേര്‍ക്കും കര്‍ണാടകയില്‍ 4,246 പേര്‍ക്കും തമിഴ്നാട്ടില്‍ 4,862 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 2,038 പേര്‍ക്കും പശ്ചിമബംഗാളില്‍ 14,022 പേര്‍ക്കും ഡല്‍ഹിയില്‍ 10,665 പേര്‍ക്കും ചത്തീസ്ഗഡില്‍ 1,615 പേര്‍ക്കും രാജസ്ഥാനില്‍ 1,883 പേര്‍ക്കും ഗുജറാത്തില്‍ 3,350 പേര്‍ക്കും ഹരിയാനയില്‍ 2,176 പേര്‍ക്കും ബീഹാറില്‍ 1,659 പേര്‍ക്കും തെലുങ്കാനയില്‍ 1,520 പേര്‍ക്കും പഞ്ചാബില്‍ 1,811 പേര്‍ക്കും ഗോവയില്‍ 1002 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തി നാല് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച് ലക്ഷത്തിനു മുകളിലും ഇംഗ്ലണ്ടില്‍ 1,94,747 പേര്‍ക്കും ഫ്രാന്‍സില്‍ 3,32,252 പേര്‍ക്കും തുര്‍ക്കിയില്‍ 66,467 പേര്‍ക്കും ജര്‍മനിയില്‍ 63,191 പേര്‍ക്കും സ്പെയിനില്‍ 1,37,180 പേര്‍ക്കും ഇറ്റലിയില്‍ 1,89,109 പേര്‍ക്കും അര്‍ജന്റീനയില്‍ 95,159 പേര്‍ക്കും പോര്‍ച്ചുഗലില്‍ 39,570 പേര്‍ക്കും ഗ്രീസില്‍ 43,386 പേര്‍ക്കും ആസ്ട്രേലിയയില്‍ 64,735 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 29.78 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3.56 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,645 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,481 പേരും ഇംഗ്ലണ്ടില്‍ 343 പേരും റഷ്യയില്‍ 828 പേരും ജര്‍മനിയില്‍ 397 പേരും പോളണ്ടില്‍ 632 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.81 ലക്ഷമായി.

🔳സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഉയര്‍ന്ന നിലവാരമായ 6.52 ശതമാനത്തിലെത്തി. പത്തുവര്‍ഷത്തെ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടിന്റെ ആദായത്തില്‍ ചൊവാഴ്ചമാത്രം ആറ് ബേസിസ് പോയന്റിന്റെ വര്‍ധനവാണുണ്ടായത്. രാജ്യത്തെ വര്‍ധിച്ചുവരുന്ന ധനക്കമ്മിയും ഉയര്‍ന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് ബോണ്ട് നിക്ഷേപകര്‍ ഉയര്‍ന്ന ആദായത്തില്‍ ഉറച്ചുനിന്നതാണ് വര്‍ധനവണ്ടാകാനിടയാക്കിയത്. ബോണ്ട് ആദായത്തില്‍ നാലുമാസത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഏകദിന വര്‍ധനവാണിത്.

🔳പ്രമുഖ വ്യാപാര വാണിജ്യ പ്ലാറ്റ്‌ഫോമായ പൈന്‍ ലാബ്‌സില്‍ 20 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ നിക്ഷേപകരുടെ ഒരു മാര്‍ക്വീ സെറ്റില്‍ നിന്ന് പൈന്‍ ലാബ്‌സ് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പുറമെ ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ടില്‍ നിന്ന് 100 ദശലക്ഷം ഡോളറും സമാഹരിച്ചിരുന്നു. സെക്വിയ കാപിറ്റല്‍, ടെമസെക് ഹോള്‍ഡിങ്സ്, ആക്റ്റിസ്, പേപാല്‍, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെയെല്ലാം പിന്തുണ പൈന്‍ ലാബ്സിനുണ്ട്.

🔳വില്യം ഷേക്സ്പിയറിന്റെ ദുരന്ത നാടകമായ ‘ഒഥല്ലോ’യെ ആസ്പദമാക്കി വന്ന മലയാള ചിത്രപമായിരുന്നു ജയരാജിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ കളിയാട്ടം. ഇപ്പോഴിതാ ഇതേ പ്രമേയ പരിസരത്തില്‍ നിന്ന് മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ‘ഋ’ എന്നാണ് പേരിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും. എം ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകന്‍ ഡോ. ജോസ് കെ മാനുവലിന്റേതാണ് ചിത്രത്തിന്റെ രചന.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രി ലഭിച്ചിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

🔳മറ്റ് ടെക്ക് ഭീമന്മാരുടെ പാത പിന്തുടര്‍ന്ന് ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള വരവിനെക്കുറിച്ച് 2020ല്‍ തന്നെ സോണി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഏത് നിമിഷം വേണമെങ്കിലും പുതിയ ഇവി വില്‍പ്പന ആരംഭിക്കാം എന്ന സൂചന നല്‍കിയിരിക്കുകയാണ് സോണി. ഇതിനായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനിക്കും രൂപം നല്‍കി. ഓട്ടോ-ഡ്രൈവിംഗിനായി 40 സെന്‍സറുകള്‍, 360 ഡിഗ്രി ഓഡിയോ ഫീച്ചര്‍, 5ജി സപ്പോര്‍ട്ട് തുടങ്ങിയവ വാഹനത്തില്‍ ഉണ്ടാകുമെന്ന് സോണി നേരത്തെ അറിയിച്ചിരുന്നു.

🔳സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്‌നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ തിക്തരസത്തിലും എങ്ങനെ മധുരത്തിന്റെ ഉറവ കിനിഞ്ഞുണരുന്നുവെന്ന് ഈ രചന വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ‘നഷ്ടസ്മൃതിയുടെ കാലം’. കെ പി സുധീര. എച്ച് ആന്‍ഡ് സി പബ്ളിക്കേഷന്‍സ്. വില 110 രൂപ.

🔳ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഈന്തപ്പഴം ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ത്താനും സഹായിക്കും. ദിവസവും ഒരു പിടി ഈന്തപ്പഴം കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കും. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ചെമ്പ്, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. ദഹനവ്യവസ്ഥയെ സുഗമമായി നിലനിര്‍ത്താന്‍ ഈന്തപ്പഴത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും ഉണ്ട്. കാല്‍സ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈന്തപ്പഴം കഴിക്കുന്നത് മോശം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണമായ ഈന്തപ്പഴം കഴിക്കാം. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഈന്തപ്പഴം. ഇരുമ്പിന്റെ കുറവ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, പ്രതിരോധശേഷി കുറയല്‍, മുടികൊഴിച്ചില്‍, വിളറിയ ചര്‍മ്മം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇരുമ്പ് സമ്പുഷ്ടമായ ഈന്തപ്പഴം ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഗര്‍ഭിണികളായ അമ്മമാര്‍ക്ക് ഈന്തപ്പഴം കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *