NADAMMELPOYIL NEWS
JANUARY 06/22

കണ്ണൂർ മാവേലി എക്‌സ്‌പ്രസിൽ കഴിഞ്ഞ ദിവസം പൊലീസ്‌ മർദനമേറ്റയാളെ കണ്ടെത്തി. കൂത്തുപറമ്പ്‌ നിർമലഗിരിയിലെ പൊന്നൻ ഷമീറിനെയാണ്‌ ബുധൻ പുലർച്ചെ കോഴിക്കോട്ട്‌ റെയിൽവേ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഉച്ചയോടെ കണ്ണൂരിലെത്തിച്ച ഇയാളെ അഗതിമന്ദിരത്തിലാക്കി. ഞായർ രാത്രി മാവേലി എക്‌സ്‌പ്രസിൽ മാഹിയിൽനിന്ന്‌ കയറിയ ഷമീറും സുഹൃത്തുമാണ്‌ മദ്യലഹരിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌. യാത്രക്കാർക്ക്‌ ശല്യമായതോടെ പൊലീസെത്തി നീക്കാൻ ശ്രമിച്ചു. മദ്യക്കുപ്പിയുമായി നിലത്തിരുന്നതോടെ എഎസ്‌ഐ കാലുകൊണ്ട്‌ നീക്കുന്നത്‌ യാത്രക്കാരിലൊരാൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. എഎസ്‌ഐയെ അന്വേഷണവിധേയമായി സസ്‌പെൻഡുചെയ്‌തു. മാനഭംഗക്കേസിലും മോഷണക്കേസിലും വധശ്രമക്കേസിലും ഉൾപ്പെട്ട ഷമീർ സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളായി പൊലീസിന്റെ പട്ടികയിലുണ്ട്‌. 2019ൽ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ ഇയാൾ 30 കുപ്പി മദ്യവുമായി പിടിയിലായിരുന്നു. ഈ കേസിൽ 14 മാസം തടവനുഭവിച്ച്‌ 2020ലാണ്‌ പുറത്തിറങ്ങിയത്‌. കഴിഞ്ഞ ദിവസം റിസർവേഷൻ കംപാർട്ടുമെന്റിൽ ടിക്കറ്റെടുക്കാതെയാണ്‌ കയറിയതെന്ന്‌ ഷമീർ പൊലീസിനോട്‌ സമ്മതിച്ചു. മദ്യപിച്ചിരുന്നതായും കൈയിൽ മദ്യക്കുപ്പി ഉണ്ടായിരുന്നതായും പറഞ്ഞു. കൂടെയുണ്ടായിരുന്നയാളും ടിക്കറ്റെടുത്തിട്ടില്ലെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഞായർ പകൽ 12.37ന്‌ ഷമീർ കോഴിക്കോട്‌നിന്ന്‌ മാഹിയിലേക്ക്‌ ടിക്കറ്റെടുത്തതായും പൊലീസ്‌ പറഞ്ഞു. മദ്യപിക്കാനാണ്‌ മാഹിയിൽ വന്നത്‌. കർണാടക വിലാസത്തിലുള്ള ആധാർ കാർഡും പൊലീസ്‌ കണ്ടെടുത്തു. കസ്‌റ്റഡിയിലെടുത്ത്‌ കണ്ണൂരിലെത്തിച്ച ഷമീറിനെ വീട്ടുകാർ സ്വീകരിക്കാതിരുന്നതിനെത്തുടർന്നാണ്‌ അഗതി മന്ദിരത്തിലാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *