കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഫിഫ്‍ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അര്‍ദിയ ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരണപ്പെട്ടയാളുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ സംഘത്തിന് കൈമാറി.

2021ല്‍ നാടുകടത്തിയത് 18,221 പ്രവാസികളെ; 7044 പേര്‍ സ്‍ത്രീകള്‍
കുവൈത്ത് സിറ്റി: 2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആകെ 18,221 പ്രവാസികളെ നാടുകടത്തിയായി (Expats deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയം (Kuwait Interior ministry) അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 11,177 പേര്‍ പുരുഷന്മാരും 7,044 പേര്‍ സ്‍ത്രീകളുമാണ്.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും വിമാന യാത്രകള്‍ പുനഃസ്ഥാപിക്കുകയും ചെയ്‍തതിന് പിന്നാലെ കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് ഇങ്ങനെ പരിശോധന നടത്തി നാടുകടത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.

അതേസമയം താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *