സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്.

ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും, മലപ്പുറത്ത് 6 പേര്‍ യുഎഇയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്. ഒമിക്രോൺ, കൊവി‍ഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് അവലോകന യോ​ഗത്തിൽ ചർച്ച ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *