NADAMMELPOYIL NEWS
JANUARY 04/22
കോഴിക്കോട്: വ്യക്തമായ രേഖകളില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്കു സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന ഡിജിറ്റല്‍ ഭൂസര്‍വേ തിരിച്ചടിയാകും. രേഖകള്‍ ഇല്ലാത്ത ഭൂമി ഡിജിറ്റല്‍ റീസര്‍വേയില്‍ ഉള്‍പ്പെടുത്തില്ല. സര്‍വേ നമ്പര്‍ തെറ്റിക്കിടക്കുന്ന പട്ടയമുള്ളവർ, കാണം, കുഴിക്കാണം എന്നീ വിഭാഗത്തിലുള്ള ആധാരമുള്ളവർ തുടങ്ങിയവരും പുറത്താകും.
താലൂക്ക് ഓഫീസുകളില്‍ ഭൂമിസംബന്ധമായി തീര്‍പ്പാക്കാനുള്ള ആയിരക്കണക്കിനു പരാതികള്‍ കെട്ടിക്കിടക്കുമ്പോഴാണ് ഡിജിറ്റല്‍ റീസര്‍വേ ആരംഭിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ ഉത്തരവുണ്ടെങ്കില്‍ മാത്രമേ സമയബന്ധിതമായി ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളു.
ഭൂരേഖകള്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നതിനു ലക്ഷ്യമിട്ട് അടുത്തമാസമാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ ഭൂസര്‍വേ ആരംഭിക്കുന്നത്. ആവശ്യമായ സര്‍വേയര്‍മാര്‍ ഇല്ലാത്തതിനാല്‍ സര്‍വേ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളില്‍ നിലവില്‍ 1678 സര്‍വേയര്‍മാരാണുള്ളത്.
സാധാരണ ഓഫീസ് ജോലികള്‍ക്കു പുറമേ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുള്ള സര്‍വേ നടപടികളും നിര്‍വഹിക്കേണ്ടത് ഇവരായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പിഎസ്സി റാങ്ക് പട്ടികയില്‍നിന്ന് 596 സര്‍വേയര്‍മാര്‍ക്കു നിയമനം നല്‍കിയിട്ടുണ്ട്. ഇവര്‍ പരിശീലനത്തിലാണ്.
ഡിജിറ്റല്‍ ഭൂസര്‍വേ പൂര്‍ത്തിയാക്കുന്നതിനു 12,000 താത്കാലിക സര്‍വേയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.