NADAMMELPOYIL NEWS
JANUARY 04/22

കണ്ണൂർ: സ്ളീപ്പർ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യുവാവിനെ അടിച്ച് നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടിയും തൊഴിച്ചും പൊലീസിന്റെ കിരാത നടപടി. മംഗളൂർ- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിൽ ഞായറാഴ്ച രാത്രി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത യുവാവിനെതിരെയായിരുന്നു കോൺസൻട്രേഷൻ ക്യാമ്പിനെ നാണിപ്പിക്കുന്ന മനുഷ്യാവകാശലംഘനം. കണ്ണൂർ റെയിൽവേസ്‌റ്റേഷനിലെ എ.എസ്.ഐ എം.സി. പ്രമോദിന്റേതാണ് കണ്ണിൽച്ചോരയില്ലാത്ത നടപടി. വടകര റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ വലിച്ചിഴച്ചു പുറത്തേക്കെറിയുകയും ചെയ്തു.
മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വെളിപ്പെട്ടത് മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്. അതേസമയം, ടി.ടി.ഇയുടെ പരാതിയെ തുടർന്നാണ് എത്തിയതെന്നും മാഹിയിൽ നിന്ന് മദ്യപിച്ച് സ്ളീപ്പർ കോച്ചിൽ കയറിയ ഇയാൾ സ്ത്രീകളെ ശല്യം ചെയ്തതിനെ തുടർന്ന് ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ എ.എസ്.ഐ എം.സി. പ്രമോദിനെ ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ.വിനോദ് കുമാർ സസ്പെൻഡ് ചെയ്തു. റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

കഴിഞ്ഞ മൂന്നുദിവസത്തിനിടെ രണ്ടാമത്തെ എ.എസ്.െഎയാണ് അച്ചടക്ക നടപടിക്ക് വിധേനാകുന്നത്. പുതുവർഷത്തലേന്ന് കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ ബിൽ ഇല്ലെന്ന പേരിൽ തടഞ്ഞുവയ്ക്കുകയും സഹികെട്ട വിദേശി മദ്യം ഒാടയിൽ ഒഴുക്കുകയും ചെയ്തത് വിവാദമായതോടെ കോവളം എ.എസ്.എെയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ദൃശ്യം പകർത്തിയ ആൾ പറയുന്നത്

കംപാർട്ട്‌മെന്റിലേക്ക് എത്തി ടിക്കറ്റ് ചോദിച്ച പൊലീസുകാരനോട് ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ പൊലീസുകാരൻ അടിച്ചു വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ടിന് നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരു പറയാൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു.

പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനമുണ്ടായതായി തെളിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. അന്വേഷിച്ച് വിശദമായി റിപ്പോർട്ട് നൽകാൻ ഇന്റലിജൻസ് എ.സി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  • ആർ. ഇളങ്കോ, സിറ്റി പൊലീസ് കമ്മിഷണർ, കണ്ണൂർ

ടി.ടി.ഇയുടെ വിശദീകരണം

സംഭവത്തിൽ ടി.ടി.ഇ എം.പി.കുഞ്ഞഹമ്മദിനോട് റെയിൽവേ പാലക്കാട് ഡിവിഷൻ കമേഴ്സ്യൽ മാനേജർ വിശദീകരണം തേടി. താൻ മറ്റൊരു കോച്ചിൽ ഡ്യൂട്ടിയിലായിരുന്നപ്പോൾ വിവരമറിഞ്ഞാണ് അവിടെയെത്തിയതെന്നും ആ സമയത്ത് പൊലീസുകാർ യാത്രക്കാരന്റെ അടുത്തായി നിൽക്കുകയായിരുന്നുവെന്നും മറുപടിയിൽ വ്യക്തമാക്കി.

സ്ത്രീകളെ ശല്യം ചെയ്തെന്ന് പൊലീസ് റിപ്പോർട്ട്

മദ്യപിച്ച് ശല്യം ചെയ്തതായി യാത്രക്കാരി പരാതി നൽകിയതാണ് യാത്രക്കാരനെ പുറത്താക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, മദ്യപിച്ചിരുന്നുവെന്ന് പറയുന്നതല്ലാതെ വൈദ്യപരിശോധന നടത്തുന്നതടക്കം മറ്റ് നടപടികൾ സ്വീകരിച്ചതായി രേഖയിലില്ല. ഇയാൾ ആരാണെന്നു പോലും പൊലീസിന് അറിയില്ല.

കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

യാത്രക്കാരനെ എ.എസ്.ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *