നേമം (തിരുവനന്തപുരം): എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ എത്തിയയാൾ വാഹനം മാറിയെടുത്തു. അബദ്ധം മനസ്സിലാക്കിയ ഇയാൾ ഉടൻതന്നെ ഉടമയെ തിരികെയേൽപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പേയാട് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിനു മുന്നിലായിരുന്നു സംഭവം.
വട്ടിയൂർക്കാവ് സ്വദേശി വിജയകുമാർ, തൈക്കാട് സ്വദേശി മഹേഷ് എന്നിവരാണ് എ.ടി.എം കൗണ്ടറിൽ ഇടപാട് നടത്താൻ എത്തിയത്. മഹേഷ് എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചശേഷം വിജയകുമാറിന്‍റെ ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. കൗണ്ടറിൽ ഇടപാടുകൾ നടത്തിയ ശേഷം തന്‍റെ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് പാർക്ക് ചെയ്തിരുന്ന വാഹനം തന്‍റേതല്ല എന്നു വിജയകുമാർ മനസ്സിലാക്കുന്നത്.
ഇതിനിടെ, തനിക്കു വാഹനം മാറിപ്പോയി എന്നു മനസ്സിലാക്കിയ മഹേഷ് ഉടൻതന്നെ കൗണ്ടറിനു മുന്നിൽ എത്തി വിജയകുമാറിന് തിരികെ നൽകുകയായിരുന്നു. ഇരുവരും ഉപയോഗിച്ചിരുന്നത് പാഷൻ പ്രോ ബൈക്ക് ആയിരുന്നു.
പെട്ടെന്ന് തിരികെ വരുന്ന അവസരങ്ങളിൽ ബൈക്ക് പാർക്ക് ചെയ്യുമ്പോൾ താക്കോൽ വാഹനത്തിൽ വച്ചിട്ട് പോകുന്ന ശീലം ഉണ്ടായിരുന്നതിനാൽ താൻ വാഹനം മാറിയെടുത്തത് മഹേഷ് അറിഞ്ഞിരുന്നില്ല. ഏതായാലും സ്വന്തം ബൈക്ക് അതു മാറിയെടുത്തയാൾ ഉടൻതന്നെ തിരികെ എത്തിച്ചതിന്‍റെ ആശ്വാസത്തിലാണ് വിജയകുമാർ എ.ടി.എം കൗണ്ടറിനു മുന്നിൽനിന്ന് തിരികെ പോയത്.