NADAMMELPOYIL NEWS
JULY O4/2021
കൊടുവള്ളി; വിദേശത്തു നിന്നും കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിന്റെ തലവൻ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി ആവിലോറ അബൂബക്കറാണ് അറസ്റ്റിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
സ്വർണവുമായി മുങ്ങിയ കാരിയറെ പിടികൂടാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിലാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ലായിരുന്നു ഇത്. വർഷങ്ങളായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തു നിന്നും സ്വർണം കടത്തി വരുന്നുണ്ടെന്നാണ് വിവരം.
ഒന്നര കിലോ സ്വർണമാണ് കുന്ദമംഗലം സ്വദേശിയും സംഘവും ചേർന്ന് അബൂബക്കറിൽ നിന്നും തട്ടിയത്. ഷാർജയിൽ നിന്നും അബൂബക്കറും, കൂട്ടാളി സമീറും ചേർന്ന് നൽകിയ സ്വർണമായിരുന്നു ഇത്. എന്നാൽ ഇവർ മുങ്ങിയതോടെ കണ്ടെത്താൻ 10 ലക്ഷം രൂപയ്ക്ക് അബൂബക്കർ ക്വട്ടേഷൻ നൽകി.
കാക്ക രജ്ഞിത്തിനാണ് ക്വട്ടേഷൻ നൽകിയിരുന്നത്. ഇയാളും സംഘവും ചേർന്ന കുന്ദമംഗലം സ്വദേശിയെ തട്ടിക്കൊണ്ടു പോകുകയും ഒരു മാസം ഉപദ്രവിക്കുകയും ചെയ്തു.
സംഭവത്തിൽ അബൂബക്കറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം അബൂബക്കറിനെ തടയുകയായിരുന്നു.